Wednesday, August 17, 2011


വ്രതശുദ്ധിയുടെ പവിത്രമായ രാപകലുകള്‍ കാരുണ്യത്തിന്റേതും പാപമോചനത്തിന്റേതുമാണ്‌. നരകാഗ്നിയില്‍നിന്ന്‌ രക്ഷനേടാന്‍ വേണ്ടിയും സ്വര്‍ഗ്ഗ പ്രാപ്‌തിക്കു വേണ്ടിയും ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങള്‍ മനസ്സുരുകി കണ്ണീരൊലിപ്പിച്ച്‌ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്‌. ഒരു പുണ്യകര്‍മ്മത്തിന്‌ ഫര്‍ദിന്റെയും, ഒരു ഫര്‍ദിന്‌ എഴുപത്‌ ഫര്‍ദുകളുടെയും മഹത്വമുള്ള റമദാന്‍ മാസം പാഴായിപോകാതിരിക്കാന്‍ കഠിന പ്രയത്‌നത്തിലാണവര്‍. ആയിരംമാസത്തെ സല്‍കര്‍മ്മങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്‌ര്‍ നഷ്ടമാകാതിരിക്കാന്‍ അവര്‍ ജാഗ്രതയിലാണ്‌.

കഴിഞ്ഞുപോയ സമുദായങ്ങള്‍ക്ക്‌ നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നാണ്‌ ഖുര്‍ആന്റെ പ്രഖ്യാപനം. സത്യവിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാന്‍ നോമ്പ്‌ അനുഷ്‌ഠിച്ചാല്‍ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന്‌ നബിവചനവും ഉണ്ട്‌.

പതിനൊന്ന്‌ മാസകാലത്തെ ജീവിതത്തിലെ കളങ്കവും കറകളും കഴുകി ശുദ്ധിയാക്കാന്‍ സ്രഷ്ടാവായ അല്ലാഹു അനുഗ്രഹിച്ച്‌ നല്‍കുന്നതാണ്‌ എല്ലാകൊല്ലവും പവിത്രമായ ഒരു മാസം. വിശപ്പും ദാഹവും സഹിക്കുന്ന മനുഷ്യന്‍ എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്‌ സമര്‍പ്പിക്കുകയാണ്‌. ത്യാഗസന്നദ്ധയും സമര്‍പ്പണ ബോധവും ആര്‍ജിക്കുവാന്‍ ഈ മാസം ഉപയോഗപ്പെടുത്തുകയാണ്‌.


പാവപ്പെട്ടവരുടെ വിശപ്പ്‌ അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക്‌ അവസരം ലഭിക്കുന്നതിനാല്‍ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കുന്നു. മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതും റമദാനില്‍ തന്നെയാണ്‌.

റമദാനില്‍ എല്ലാ സല്‍കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യമുണ്ട്‌. എന്നാല്‍ ഖര്‍ആന്റെ പാരായണം,ഇഅ്‌തികാഫ്‌ (പള്ളിയില്‍ ഭജനയിരിക്കല്‍), ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കു പ്രത്യേക പദവിയുണ്ട്‌.

ജാതിമത ഭേദമന്യേ എല്ലാവരിലേക്കും കാരുണ്യം പകര്‍ന്നു നല്‍കണം. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലമ്പര്‍ക്കു ആശ്വാസമെത്തിക്കുക-ഇവയെല്ലാം മുസ്ലീങ്ങള്‍ ഏറ്റടുത്ത്‌ നിര്‍വ്വഹിക്കേണ്ടതാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രീയമായും ചിട്ടയോടെയും നിര്‍വ്വഹിക്കുകയാണെങ്കില്‍ സമൂഹത്തിലെ ദാരിദ്ര്യം തന്നെ തുടച്ചുമാറ്റാന്‍ കഴിയും

യാചനയും ദാരിദ്ര്യവുമില്ലാത്ത ക്ഷേമരാജ്യമാണ്‌ ഇസ്ലാം ലക്ഷ്യമിടുന്നത്‌. അതുകൊണ്ടാണ്‌ സക്കാത്തിനും ദാനധര്‍മ്മങ്ങള്‍ക്കും ഇത്രമാത്രം പ്രാധാന്യം നല്‍കിയത്‌. റമദാനിനെ യാചനയുടെ മാസമായി കണക്കാക്കുന്ന ചിലരുണ്ട്‌, എന്നാല്‍ ഇസ്ലാം യാചനയെ കര്‍ശനമായി എതിര്‍ത്തു. ഭൗതിക ലോകത്ത്‌ യാചിക്കുന്നവന്റെ മുഖം പരലോകത്ത്‌ മാംസമില്ലാതെ വികൃതമായിരിക്കുമെന്ന്‌ പ്രവാചകതിരുമേനി പറഞ്ഞു. ഭിക്ഷ തേടിവന്നവന്‌ മഴു കൊടുത്ത്‌, വിറക്‌ ശേഖരിച്ച്‌ ജീവിതമാര്‍ഗ്ഗം കണ്ടെത്താനാണ്‌ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്‌.


ധനികര്‍ പണം ചെലവഴിക്കാതെ കെട്ടിപൂട്ടി വെക്കുന്നത്‌ മൂലം സമൂഹത്തില്‍ അസമത്വവും അരാചകത്വവും ഉടലെടുക്കും. പ്രത്യുല്‌പാദനമല്ലാത്ത ധനം കൊണ്ട്‌ ആര്‍ക്കും ഒരു ഗുണവുമില്ല. സമ്പത്ത്‌ ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാകരുതെന്നും പാവപ്പെട്ടവര്‍കൂടി അതിന്റെ അവകാശികളാണെന്നും ഖര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു.

അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്‌. "ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി, അത്‌ ഏഴു കതിരുകളെ മുളപ്പിച്ചു, ഓരോ കതിരിലും നൂറുമണികള്‍"(വിശുദ്ധ ഖുര്‍ആന്‍ 2/261) എല്ലാ ദിവസവും ദാനം ചെയ്യണമെന്നാണ്‌ മുഹമ്മദ്‌ നബി(സ) യുടെ നിര്‍ദ്ദേശം. വലതുകൈ നല്‍കിയത്‌ ഇടതുകൈ അറിയാത്തവിധം പരമരഹസ്യമായി ചെയ്യുന്ന ദാനത്തിന്‌ കാറ്റിനേക്കാള്‍ ശക്തിയുണ്ടെന്നും, ഏറ്റവും പ്രീയപ്പെട്ടത്‌ കൊടുക്കലാണ്‌ ഏറ്റവും വലിയ പുണ്യമെന്നും നബി(സ)പഠിപ്പിച്ചിട്ടുണ്ട്‌. "ഏറെ പ്രീയപ്പെട്ടവയില്‍ നിന്ന്‌ ചെലവഴിക്കാതെ നിങ്ങള്‍ക്ക്‌ പുണ്യം നേടാനാവില്ല"എന്ന ഖുര്‍ആന്‍ വചനം അവതരിപ്പിച്ചപ്പോള്‍ പ്രവാചക ശിഷ്യനായ അബൂതല്‍ഹ തനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ബൈറുഹാ എന്ന തോട്ടം ദാനം ചെയ്‌തുകൊണ്ടാണ്‌ മാതൃക കാട്ടിയത്‌.


പ്രത്യേകം എടുത്ത്‌ പറയേണ്ട മറ്റൊന്നാണ്‌ ഫിത്തര്‍സക്കാത്ത്‌. റമദാന്‍ വ്രതം അവസാനിക്കുന്നതോടെയാണ്‌ ഇതിന്റെ സമയം. ഓരോ വ്യക്തിയും രണ്ടര കിലോഗ്രാം വീതം ധാന്യമാണ്‌ ഫിത്തര്‍സക്കാത്ത്‌ നല്‍കേണ്ടത്‌. ചെറിയ പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാത്ത ഒരു വീടുപോലും ഉണ്ടകരുത്‌ എന്ന മഹത്തായ തത്വം ഫിത്തര്‍സക്കാത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്‌.

No comments:

Post a Comment