Sunday, November 6, 2011



Joyous Moments On Eid!




നമ്മുടെ രക്തത്തില്‍ തൊണ്ണൂറുശതമാനത്തിലധികവും വെള്ളമാണ്. വൃക്കകളില്‍ 82ശതമാനത്തോളം ജലാംശമുണ്ട്. ശരീരജലത്തിന്‍റെ അഞ്ചു ശതമാനത്തിലധികം നഷ്ടപ്പെട്ടാല്‍ പിന്നെ ബുദ്ധി നേരെ പ്രവര്‍ത്തിക്കില്ല. രണ്ടു ഗ്യാലന്‍ വെള്ളം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നതോട് കൂടി ബധിരത ബാധിക്കുന്നു. വേദനപോലും അനുഭവപ്പെടാത്ത പരുവത്തിലാകുന്നു.പന്ത്രണ്ടു ശതമാനം നഷ്ടപ്പെട്ടാല്‍ ആ വ്യക്തിക്ക് പിന്നെ നിലനില്‍പ്പില്ല. അതായത് 150 റാത്തല്‍ ഭാരമുള്ള ഒരാളുടെ ശരീരത്തില്‍ 100 റാത്തലും ജലമായിരിക്കും. ഇതില്‍ പത്തു റാത്തല്‍ നഷ്ടപ്പെട്ടാല്‍ മരണമാണ് ഫലം. അതിനാല്‍ ശരീരത്തിന്‍റെ ഉഷ്ണനില ക്രമീകരിക്കുന്ന പ്രക്രിയയിലും ശ്വസനത്തിലും വിയര്‍പ്പിലുമൊക്കെയായി നഷ്ടപ്പെടുന്ന ജലാംശം അപ്പപ്പോള്‍ നികത്തപ്പെടേണ്ടതുണ്ട്. അതിനാണ് നാം വെള്ളം കുടിക്കുന്നത്. അങ്ങിനെ ഒരു മനുഷ്യന്‍ തന്‍റെ ജീവിത കാലത്ത് ശരാശരി 6500 ഗ്യാലന്‍ വെള്ളം കുടിക്കേണ്ടിവരുന്നു.

ജീവനുള്ള വസ്തുവിന്‍റെ അടിസ്ഥാനഘടകമായ പ്രോട്ടോപ്ലാസത്തിന്‍റെ ചൈതന്യം ജലത്തിന്‍റെ സാന്നിധ്യത്തെ ആശ്രയിച്ചുനില്‍ക്കുന്നു. ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളെല്ലാം ജലമാധ്യമത്തിലൂടെ നടക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ കോശവും പല പദാര്‍ഥങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നുണ്ടായതാകുന്നു.

ഖുര്‍ ആന്‍ ചോദിക്കുന്നു: ജലത്തില്‍ നിന്നും ജീവനുള്ള എല്ലാറ്റിനെയും നാം സൃഷ്ടിച്ചതും സത്യനിഷേധികര്‍ കാണുന്നില്ലയോ? ഇനിയും അവര്‍ വിശ്വസിക്കുന്നില്ലയോ? (21-30) മറ്റൊരിടത്ത് അല്ലാഹു പ്രഖ്യാപിക്കുന്നു അവനത്രെ ജലത്തില്‍ നിന്നും മനുഷ്യനെ സൃഷ്ടിച്ചവന്‍ (25, 54).

ഭൂതലത്തിലെ ജലത്തെ ഒട്ടാകെ എടുത്താല്‍ അത് രണ്ടു രീതികളിലായി കാണുന്നു. ഒന്ന് രുചികരവും സ്വാദിഷ്ടവും ആണെങ്കില്‍ അടുത്തത് ഉപ്പും ചവര്‍പ്പും ഉള്ളതാണ്. കടലോര പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ നിന്നും ഉപ്പില്ലാത്ത ശുദ്ധജലം കിട്ടുന്നത് നമുക്ക് സുപരിചിതമാണ്. ഇവിടെ സമുദ്രജലവും കിണറ്റിലെ ജലവും കലരാതിരിക്കുന്നതിനുള്ള മറ മണ്ണാണ്. വീട്ടമ്മമാര്‍ സാധാരണയായി കറിയിലോ, കഞ്ഞിയിലോ ഉപ്പ് അധികമായാല്‍ അതു പിടിച്ചെടുക്കുന്നതിന് കഴുകി വൃത്തിയാക്കിയ വിറകുകരിയോ മറ്റോ അതില്‍ അല്‍പ്പനേരം പൂഴ്ത്തിവച്ചു പുറത്തെടുക്കുന്ന പരിപാടി കറിഉപ്പിനെ പിടിച്ചെടുക്കുന്നു. ഇതേ സ്വഭാവം മണ്ണിനുമുണ്ട്. അതിനാല്‍ ഒരളവുവരെ മണ്ണ് ജലത്തിലെ ഉപ്പിനെ വലിച്ചെടുക്കുന്നു.

എന്നാല്‍ യൂഫ്രട്ടീസിന്‍റെയും ടൈഗ്രീസിന്‍റെയും നദീമുഖമായി കരുതപ്പെടുന്ന ഇറാക്കിലെ ശാത്ത്-അല്‍-അറബ് മേഖലയില്‍ രണ്ടും സന്ധിച്ചശേഷം നൂറ് മൈലോളം നീളത്തില്‍ ഒരു സമുദ്രമെന്ന് പറയാവുന്ന ഒന്നായി നില്‍ക്കുന്നിടത്ത് സമുദ്രജലവും നദീജലവും കലരാതെ നില്‍ക്കുന്നു. വടക്കേ അമേരിക്കയില്‍ നിന്നും ഉത്ഭവിച്ച് മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുന്ന കരകവിഞ്ഞൊഴുകുന്ന മിസിസിപ്പിക്കും മധ്യ ചൈനയില്‍ നിന്നുത്ഭവിച്ച് കിഴക്കന്‍ ചൈനാ ഉള്‍ക്കടലില്‍ പതിക്കുന്ന യാങ്സി നദിക്കും ഇതേ പ്രകൃതം ഉണ്ട്. രണ്ടു നദികളിലെയും തെളിഞ്ഞ ജലവും സമുദ്രത്തിലെ ഉപ്പുവെള്ളവും കൂടി കലരാതെ വളരെ ദൂരം രണ്ടിന്‍റെയും സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ നില്‍ക്കുന്നു.

ഭൂതലത്തിലെ മൊത്തജലത്തില്‍ ഈ വ്യത്യസ്ത സ്വഭാവമുള്ള ജലം തമ്മില്‍ കലരാതിരിക്കുന്നതിന് മണ്ണ് ഒരു മറയാണ് എന്നു പറയാമെങ്കിലും മേല്‍പ്പറഞ്ഞ നദികള്‍ സമുദ്രവുമായി കൂടിച്ചേരുന്നിടത്തെ മറ എന്താണ്? ചോദ്യം ഇനിയും അവശേഷിക്കുകയാണ്. നദിയിലെ തെളിഞ്ഞ വെള്ളം ഊക്കോടെ സമുദ്രത്തില്‍ പതിക്കുമ്പോള്‍ ഒഴുക്കിന്‍റെ ശക്തികൊണ്ട് അല്‍പ്പദൂരം കലരാതെ നീങ്ങാമെങ്കിലും അധികദൂരം പോകാന്‍ അസാധ്യമാണ്. ഇവയെ വേര്‍തിരിക്കുന്ന മറ ഏതാണെന്ന് ശാസ്ത്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈ കലരാതിരിക്കല്‍ പ്രക്രിയയും കരുണിധിയായ അല്ലാഹുവിന്‍റെ അനുഗ്രഹമായി ഖുര്‍ ആന്‍ എടുത്തു കാട്ടുന്നു. അവനത്രെ ഇരുസമുദ്രങ്ങളും (ഇടചേര്‍ത്തു ഒഴുകാന്‍) അഴിച്ചുവിട്ടവന്‍. ഇതു സരസവും രുചികരവുമാണ്, അതാകട്ടെ ഉപ്പും ചവര്‍പ്പുമുള്ളതാണ്. രണ്ടിനുമിടയില്‍ ഒരു തടസ്സവും വിലക്കപ്പെട്ട നിരോധനവും അവന്‍ വച്ചു (25:53) വിശുദ്ധ ഖുര്‍ ആനെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കുവാന്‍ റമസാന്‍ മാസത്തെ നാം വിനിയോഗിക്കേണ്ടതാണ്